കാസര്‍കോട്: കളക്ടറേറ്റിന് സമീപത്തെ വീട്ടില്‍ നിന്ന് രണ്ടരകോടിയുടെ ചന്ദനം പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. തായല്‍ നായന്മാര്‍മൂലയിലെ വി അബ്ദുല്‍ ഖാദറാ(60)ണ് ഇന്ന് രാവിലെ അറസ്റ്റിലായത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജിന് പരിസരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നതിനിടേ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ വീട്ടില്‍ നിന്നാണ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവും സംഘവും രണ്ടു കോടിയോളം രൂപ വിലവരുന്ന ചന്ദനം കഴിഞ്ഞദിവസം പിടികൂടിയത്. ചന്ദന സംഘത്തിലെ പിടികിട്ടാപുള്ളിയെ റെയ്ഡിനിടയില്‍ വ്യാഴാഴ്ച പിടികൂടിയിരുന്നു. കൊല്ലത്ത് നേരത്തെ നടന്ന ചന്ദനകടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ചെങ്കള പാണലംകുന്നിലിലെ അബ്ദുല്‍ കരീം (48) ആണ് പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്ത ശേഷം കൊല്ലം വനം വകുപ്പിന് കൈമാറിയിരുന്നു. കാസര്‍കോട് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് ചീഫിന്റെയും വസതിക്ക് സമീപത്തെ രഹസ്യകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് രണ്ടര കോടി രൂപ വിലവരുന്ന ചന്ദനമുട്ടികള്‍ പിടികൂടിയത്. അര്‍ഷാദ്, ലോറി ഡ്രൈവര്‍ എന്നിവരാണ് രക്ഷപെട്ട മറ്റുള്ളവര്‍. ചന്ദനമുട്ടികള്‍ ആന്ധ്രയിലെ ചന്ദന ഫാക്ടറികളിലെത്തിക്കുന്നതിനുള്ള ശ്രമമാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. സംഭവം നടന്നയുടന്‍ വീട്ടുടമ അബ്ദുല്‍ ഖാദറും മകന്‍ ഇബ്രാഹീമും ഒളിവില്‍ പോയിരുന്നു.
0 تعليقات